കാസർകോട് ജില്ലയിൽ വ്യാപകമായി പശുക്കളിൽ ചർമ്മമുഴ രോഗം കണ്ട് വരുന്നു. രോഗം ബാധിച്ച് നിരവധി പശുക്കൾ ചത്തതായി റിപ്പോർട്ടുകൾ ഉണ്ട്. ജില്ലയിലെ ഉദുമ, ബന്തടുക്ക എന്നിവിടങ്ങളിൽ രോഗം ബാധിച്ച നിരവധി പശുക്കളാണ് ചത്തത്.
പശുക്കളുടെ ശരീരത്തിൽ നിറയെ കുരുക്കൾ ഉണ്ടാവുകയും അവ പൊട്ടി ഒലിക്കുന്നതാണ് ലംപി സ്കിൻ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ. കന്നുകാലികളിൽ ശക്തമായ പനിയും ഉണ്ടാകും. ചർമ്മമുഴ രോഗം ബാധിക്കുന്നതിലൂടെ പശുക്കളുടെ പാലുൽപാദനവും പ്രത്യുല്പാദനക്ഷമതയും ഗണ്യമായി കുറയുന്ന ഒരു അവസ്ഥയുണ്ടാകുന്നു. ചർമ്മമുഴരോഗം ജില്ലയിൽ ആകമാനം വ്യാപിച്ചതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
ചർമ്മമുഴ രോഗത്തിനെതിരെ വാക്സിനേഷൻ ഡ്രൈവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. 12328 കന്നുകാലികൾക്ക് ഇതുവരെ ജില്ലയിൽ വാക്സിൻ നൽകി. മുഴുവൻ കന്നുകാലികൾക്കും വാക്സിൻ എടുക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.