തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങിൽ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ശ്രദ്ദേയമായി. എന്നാൽ യോഗത്തിൽ എത്താൻ വൈകിയതിന്റെ കാരണം കാർ കിട്ടാത്തതുകൊണ്ടാണെന്നാണ് ശോഭ സുരേന്ദ്രൻ വിശദീകരിച്ചത്. നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ് ശോഭാ സുരേന്ദ്രൻ. എന്നാൽ ശോഭാ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആവുമെന്ന് പരക്കെ അഭിപ്രായം ഉയർന്നിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമ്മേളനത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. ആ സാഹചര്യത്തിലാണ് ശോഭ യോഗത്തിൽ പങ്കെടുക്കാത്തത് വിവാദമാവുന്നത്. എന്നാൽ കാർ വന്നപ്പോൾ ഉടൻ തന്നെ താൻ കയറിവന്നെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ചില തൽപ്പര കക്ഷികൾ തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും ശോഭ സുരേന്ദ്രൻ തുറന്നടിച്ചു. ഇതോടെയാണ്, സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എത്താന്‍ വൈകിയതിന്റെ കാരണം ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയത്.
രാജീവ് ചന്ദ്രശേഖർ കഴിവ് തെളിയിച്ചയാളാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം എത്തുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ല രീതിയൽ മുന്നോട്ട് നയിക്കുമെന്നും ശോഭ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പുതിയ ആളല്ല. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബിജെപി അതിശക്തമായി മുന്നോട്ട് പോകുമെന്നും എല്ലാവരും ഒരുമിച്ച് ചേർന്നു പ്രവർത്തിക്കുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.