ക്ഷേത്രങ്ങളിൽ ഷർട്ട് ഇടണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിത്. അത്തരം കാര്യങ്ങൾ ക്ഷേത്രങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കേണ്ട എന്നും മുരളീധരൻ പറഞ്ഞു. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതിയാണെന്നും ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരാണെന്നും കെ മുരളീധരൻ പറഞ്ഞു. തൊഴുകൽ പഴയ രീതിയാണ്, അതുകൊണ്ട് ആരെങ്കിലും അമ്പലത്തിൽ കയറി ഹായ് പറയുമോ എന്നും മുരളീധരൻ പറഞ്ഞു.
എൻഎസ്എസും കോൺഗ്രസും തമ്മിൽ ഒരുവിധ അകൽച്ചയും ഇല്ലെന്ന് പറഞ്ഞ മുരളീധരൻ എൻഎസ്എസ് ആസ്ഥാനത്തെ മന്നംജയന്തി പരിപാടിയിൽ രമേശ് ചെന്നിത്തല പങ്കെടുത്തതിനോട്, എല്ലാവർഷവും എൻഎസ്എസ് വിശിഷ്ടാതികളെ പങ്കെടുപ്പിക്കാറുണ്ട് എന്നാണ് പ്രതികരിച്ചത്. എൻഎസ്എസ് കൂടുതലായും കോൺഗ്രസ് നേതാക്കളെയാണ് പങ്കെടുപ്പിക്കാറുള്ളതെന്നും അതിൻറെ ഭാഗമായാണ് ഇത്തവണ രമേശ് ചെന്നിത്തല വന്നതെന്നും കെ മുരളീധരൻ പറഞ്ഞു.