താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ.
താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും മല്ലിക പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷും പിൻമാറിയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമർദേശ പത്രിക സമർപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ച സാഹചര്യത്തിലാണ് പ്രത്രിക പിൻവലിച്ചതെന്ന് ജഗദീഷ് അറിയിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിങ്ങനെ നാല് മത്സരാർത്ഥികൾ മത്സരിക്കും.
പ്രസിഡന്റ് ഉൾപ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി വ്യാഴാഴ്ചയായിരുന്നു. പിൻവലിക്കാനുള്ള അവസാന ദിവസമായ 31ന് അന്തിമ പട്ടിക പുറത്തുവരും. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മോഹൻലാൽ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹൻലാൽ അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്.