തൃശ്ശൂർ: പുത്തൂരിൽ അപകടത്തിൽപ്പെട്ട് ചികിത്സയ്ക്ക് എത്തിയ ആദിവാസി ഊര്മൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷ് ആണ് ഇവർക്ക് ചികിത്സ നിഷേധിച്ചത്. വല്ലൂർ സ്വദേശികളായ രമേശനും മകൻ വൈഷ്ണവും ആണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കവെ പുത്തൂരിൽ വച്ച് അപകടം ഉണ്ടാവുകയും തുടർന്ന് ചികിത്സയ്ക്കായി പുത്തൂർ പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ എത്തുകയുമായിരുന്നു. ഇവരെത്തുന്ന സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഗിരീഷ് ആയിരുന്നു. ചികിത്സ ആവശ്യപ്പെട്ടതോടെ ഓ പി സമയം കഴിഞ്ഞെന്നായിരുന്നു ഡോക്ടറുടെ മറുപടി. അരമണിക്കൂറിലേറെ സമയം കാത്തുനിന്നിട്ടും ചികിത്സ നടത്താൻ തയ്യാറാവാത്തതിനെ തുടർന്ന് സംസാരമായതോടെ ഡോക്ടർ കാർ എടുത്തു പോവുകയായിരുന്നുവെന്നും രമേശൻ പറഞ്ഞു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ചികിത്സ നേടിയ എന്നും ഇവർ വ്യക്തമാക്കി .
പരാതിക്കാരനായ രമേശൻ നിലവിൽ കേരള പോലീസ് അക്കാദമിയിൽ ജോലി ചെയ്തുവരികയാണ്. രമേശനും വൈഷ്ണവും എത്തുമ്പോൾ താൻ മുറിയിൽ ഇല്ലായിരുന്നുവെന്നും നഴ്സുമാർ ചികിത്സ നൽകാമെന്ന് പറഞ്ഞിട്ടും അത് നിരസിച്ചു പോവുകയായിരുന്നു എന്നാണ് ഡോക്ടറുടെ വിശദീകരണം. വൈഷ്ണവിന്റെ വലതുകൈക്ക് പൊട്ടലുണ്ട്. രമേശനും പരിക്ക് പറ്റിയിട്ടുണ്ട്. രമേശിന്റെ പരാതിയിൽ ഒല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശൻ കളക്ടർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.