ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ലണ്ടനിലെത്തുക. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച പാർലമെന്റ് സ്ക്വേയറിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാറൽ മാർക്സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കും. ഞായറാഴ്ച രാവിലെ മുതൽ സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിലാണ് (ടാജ്) ലോക കേരള സഭ യൂറോപ്പ്- യുകെ മേഖലാ സമ്മേളനം.
ഞായറാഴ്ച വൈകിട്ട് ലണ്ടൻ മിഡിൽസെക്സിലെ ഹെൽറ്റം ടൂഡോ പാർക്കിൽ നടക്കുന്ന മലയാളി പ്രവാസി സംഗമമാണ് മറ്റൊരു പ്രധാന പരിപാടി. കേളീരവം എന്ന സാസംകാരിക പരിപാടികളോടെയാണ് പ്രവാസി സംഗമത്തിന് തുടക്കം. വൈകിട്ട് 5.30ന് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്, ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ, എന്നിവർക്കൊപ്പം ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജും ലണ്ടനിൽ മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേരും. സ്പീക്കർ എ.എൻ ഷംസീർ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ പരിപാടികൾക്കൊപ്പം ഉണ്ടാകും.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഫിൻലൻഡ് സന്ദർശിച്ചിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥ സംഘമാണു ഫിൻലൻഡിലെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് നോർവയിലെത്തുകയായിരുന്നു.ശനി, ഞായർ ദിവസങ്ങളിലാണു ബ്രിട്ടനിലെ പ്രധാന പരിപാടികൾ.