മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. ഇടതു മുന്നണി പ്രതിനിധിയായ കെ.വി. തോമസ് വഴിയാണ് ചർച്ചക്കു വിളിച്ചത്. വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരമാണെന്ന് സമരക്കാരെ വിശ്വസിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ ബി.ജെ.പി മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ബി.ജെ.പി വഞ്ചിക്കുകയായിരുന്നു എന്ന രീതിയിലുള്ള പ്രതികരണവും പ്രതിഷേധവും സമരക്കാരിൽനിന്നും സമരത്തെ പിന്തുണച്ച ക്രൈസ്തവ സഭ പ്രതിനിധികളിൽനിന്നും ഉയർന്നുതുടങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നത്.
വഖഫ് നിയമഭേദഗതി കൊണ്ട് മാത്രം മുനമ്പത്തെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന സമരക്കാരെയും സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെയും ഒന്നുപോലെ വെട്ടിലാക്കി. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന വിവരം വ്യക്തമാക്കിയത്. മുനമ്പം വിഷയത്തിൽ കേന്ദ്ര സർക്കാർ മലക്കം മറിഞ്ഞതിനെ തുടർന്നാണ് സംസ്ഥാന ഗവൺമെന്റിന്റെ പുതിയ നീക്കം.
വിഷയത്തിൽ വഖഫ് ബില്ലിന് കെ.സി.ബി.സി പിന്തുണ നൽകിയിരുന്നു. ബിൽ പാസായ അവസരം മുതലെടുക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ഷോൺ ജോർജ് തുടങ്ങിയവർ തൊട്ടടുത്ത ദിവസങ്ങളിൽ മുനമ്പത്തെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. മോദിക്ക് വോട്ട് ചെയ്യുന്നവർ ഇവിടെ ഇല്ലാതിരുന്നിട്ടും പ്രശ്നം പരിഹരിച്ചത് മോദിയാണെന്നും മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ബില്ലിൽ ഉണ്ടെന്നുമാണ് രാജീവ് പറഞ്ഞത്. എന്നാൽ ഇതെല്ലാം നിഷ്ഫലമാക്കുന്ന പ്രസ്താവനയാണ് കിരൺ റിജിജുവിൽ നിന്നുണ്ടായത്. പ്രശ്ന പരിഹാരത്തിന് വഖഫ് ബിൽ മാത്രം മതിയാകില്ലെന്നും നിയമവഴി തേടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.-