ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1201-ാംആണ്ട് (2025-2026) പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പ് ഇന്ന് ഉച്ചപൂജയ്‌ക്ക് ശേഷം ക്ഷേത്രനടയിൽ നടക്കും. പുറപ്പെടാ മേൽശാന്തി നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ നിന്നും തെരഞ്ഞെടുത്തവരെ അഭിമുഖത്തിനു ക്ഷണിച്ചു. അഭിമുഖത്തിൽ നിന്ന് അഞ്ച് പേരടങ്ങുന്ന നറുക്കെടുപ്പിന്റെ പട്ടിക തയാറാക്കി.
ചങ്ങനാശ്ശേരി ഗ്രൂപ്പ് വാകത്താനം ദേവസ്വത്തിലെ എം.ഇ മനുകുമാർ, മാവേലിക്കര ഗ്രൂപ്പ് ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവസ്വത്തിലെ എം.എൻ നാരായണൻ നമ്പൂതിരി, മാവേലിക്കര ഗ്രൂപ്പ് കാട്ടുവള്ളി ദേവസ്വത്തിലെ കെ കൃഷ്‌ണപ്രമോദ്, മാവേലിക്കര ഗ്രൂപ്പ് ഉലച്ചിക്കാട് ദേവസ്വത്തിലെ ശ്രീ.അജിനാരായണൻ, ഉള്ളൂർ ഗ്രൂപ്പ് ഒ.റ്റി.സി ഹനുമാൻ ദേവസ്വത്തിലെ ഗണേഷ് പ്രസാദ്.ബി എന്നിവരാണ് നറുക്കെടുപ്പിനുള്ള പട്ടികയിൽ ഉള്ളത്. ഇന്ന് ക്ഷേത്രത്തിൽ ഉച്ചപൂജയ്‌ക്കു ശേഷം കിഴക്കേനടയിലാണ് നറുക്കെടുപ്പ്.
ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നറുക്കെടുപ്പിനുള്ള കുംഭങ്ങൾ ശ്രീകോവിലിൽ പൂജിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ശ്രീദേവീവിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ, കരനാഥന്മാർ തുടങ്ങിയവർ പങ്കെടുക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടുന്ന നിയുക്‌ത മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ ആഗസ്റ്റ് 17ന് നടക്കും. തുടർന്ന് ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന പുറപ്പെടാ മേല്‍ശാന്തി സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷം ചെട്ടികുളങ്ങര ഭഗവതിക്കു പൂജകൾ ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ശബരിമല കഴിഞ്ഞാൽ പുറപ്പെടാ മേല്‍ശാന്തിയായി ദേവീക്ക് പാദസേവചെയ്യുന്നത് ചെട്ടികുളങ്ങരയിലാണ്.