അയ്യപ്പന് ശേഷം ഉണ്ണി മുകുന്ദന്‍ ഇനി ഗന്ധര്‍വ്വനായി വേഷമിടും. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്ന് നടൻ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയുടെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. “പുണ്യം” എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ഭാഗമായി ബോൺമാരോ ട്രാൻസ്പ്ലാന്റിന് പുറമെ റേഡിയേഷൻ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സർജറി, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെ സർജറികൾക്കും പ്രത്യേക ഇളവുകൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽആദ്യമായാണ് ഇങ്ങനെ ഒരു സഹായപദ്ധതി വരുന്നത്. ഇന്ന് നടന്ന ചടങ്ങിൽ മുതിർന്നവർക്കുള്ള ചികിത്സാ പ്രഖ്യാപനം നടൻ ഉണ്ണി മുകുന്ദനും കുട്ടികൾക്കുള്ള ചികിത്സ പ്രഖ്യാപനം ബേബി ദേവനന്ദയും, മാസ്റ്റർ ശ്രീപദും ചേർന്ന് നിർവഹിച്ചു.
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ആസ്റ്റർ വോളന്റിയേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാൻസർ ചികിത്സ സഹായ പദ്ധതി നടപ്പിലാക്കുന്നത്. നിർധന കുടുംബങ്ങളിൽ പെട്ടവർക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാവുക. ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് തമിഴ്‌നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.