സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് പ്രമാണിച്ച് 12 ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നടക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയാണ്.
കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ബാക്കിയുള്ള 28 ഇടത്താണ് വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിങ് സ്റ്റേഷനായ എംഡിഎല്‍പിഎസ് കുമ്പഴ, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിങ് സ്റ്റേഷനായ എന്‍എസ്എസ്എച്ച്എസ് തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്‌സി നഗര്‍ വാര്‍ഡിലെ പോളിങ് സ്റ്റേഷനായ സര്‍ക്കാര്‍ എല്‍പിഎസ് പുറമറ്റം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്/ മുന്‍സിപാലിറ്റി വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് വാര്‍ഷിക പരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്ക് അവധി ബാധകമല്ല. പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വോട്ടെടുപ്പ് നടപടികള്‍ക്ക് തടസം വരാത്ത വിധത്തില്‍ പരീക്ഷ ഹാളുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ക്രമീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാർഡിലേക്ക് ഇന്ന് (ഫെബ്രുവരി 24 തിങ്കളാഴ്ച) ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മണ്ഡലത്തിൻ്റെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പാലക്കാട് മുണ്ടൂർ ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡ് കീഴ്പാടത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് പരിധിയിൽവരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൂടാതെ വാർഡ് പരിധിയിൽ 25വരെ മദ്യനിരോധനം ഏർപ്പെടുത്തിയും കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കളക്ടർമാർ കഴിഞ്ഞദിവസം തന്നെ അതാത് പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.