ഇ ശ്രീധരന്റെ കെ-റെയിൽ ബദലിന് പൂർണ പിന്തുണ വാഗ്‌ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ.
ബദലിന് വേണ്ടിയാണ് സംസ്ഥാന സർക്കാരും പരിശ്രമിക്കേണ്ടത്. നടപ്പിലാക്കാൻ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാൻ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പദ്ധതിക്ക് മേൽനോട്ടം വഹിക്കാൻ നിലവിലെ പ്രായം അനുവദിക്കുമെന്ന് തോന്നുന്നില്ല, എന്നാൽ മാർഗ നിർദേശങ്ങൾ നൽകാൻ തയ്യാറാണെന്ന് മെട്രോമാൻ ശ്രീധരൻ വ്യക്തമാക്കി. കേരളത്തിൽ എന്തു വികസനം വരുകയാണെങ്കിലും അതിനൊപ്പം താനുണ്ടാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ സുരേന്ദ്രൻ, ഇ ശ്രീധരനെ പാലക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ കെവി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ-റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ട്. ഡിപിആർ തന്നെ മാറ്റണം, തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ടെന്നും മെട്രോമാൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും റിപ്പോർട്ടിലുണ്ട്.