പ്രധാനന്ത്രി നരേന്ദ്രമോദിക്കെതിരായി പരാമർശമുള്ള ബി ബി സി യുടെ വിവാദഡോക്യുമെന്ററി കൂടുതൽ സർവ്വകലാശാലകളിലേക്ക് വ്യാപിപ്പിക്കാൻ വിവിധ വിദ്യാർത്ഥി യൂണിയനുകൾ തീരുമാനിച്ചു. അംബേദ്കർ സർവ്വകലാശാല, ദില്ലി സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലാണ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എസ്എഫ്ഐ, എൻ എസ് യു സംഘടനകളാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഇന്നലെ ജാമിയ മിലിയ സർവകലാശാലയിൽ നടത്താനിരുന്ന പ്രദർശനം എസ്എഫ്ഐ, എൻ എസ് യു നേതാക്കളെ കരുതൽ തടങ്കലിൽ ആക്കിയതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. .ജെ എൻ യു സർവ്വകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അതേസമയം ഡോക്യുമെന്ററിയും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളെ കേന്ദ്രം ശക്തമായി തടഞ്ഞിരിക്കുകയാണ്.
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രദർശിപ്പിക്കാനാണ് തീരുമാനം. വൈകിട്ട് 5 മണിക്കാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഭാഗമായി ഇന്നലെ വെള്ളായണിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇതിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കെപിസിസി ആസ്ഥാനത്ത് ഇന്ന് പോലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.