തിരുവനന്തപുരം: കൊടുംചൂടിനിടയിലും ഇന്ന് തലസ്ഥാന നഗരി മുഴുവൻ ആറ്റുകാൽ ദേവിയുടെ അനുഗ്രഹത്തിൻ്റെ കുളിർമ്മയിലാണ്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു.
തുടർന്ന് ദേവിക്ക് പൊങ്കല സമർപ്പിച്ച ഭക്തലക്ഷങ്ങൾ മടങ്ങുകയായി. പായസം, വെള്ളനിവേദ്യം ഉൾപ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തർ സമർപ്പിച്ചത്. രാത്രി 7.45നാണ് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തുന്നത്. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
മുൻ വർഷങ്ങളേക്കാൾ ഇത്തവണ പൊങ്കാല സമർപ്പണത്തിന് തിരക്ക് കൂടുതലാണ്. ഇന്നലെ വൈകുന്നേരം ദേവീദർശനത്തിനായി നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 10.15നായിരുന്നു അടുപ്പ് വെട്ട്.