തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13ന് കേരളത്തിലെത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന ഓഫീസിന്റെ ഔദ്യേഗിക ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
‘വികസിത കേരളം’ എന്ന ആശയം താഴെത്തട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടി രൂപം നല്‍കിയതായും രമേശ് പറഞ്ഞു. തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോ വാര്‍ഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കും. ആഗസ്ത് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആഗസ്ത് 15ന് എല്ലാ വാര്‍ഡുകളിലും സ്വാഭിമാന ത്രിവര്‍ണ റാലികള്‍ നടത്തും. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ബി.ജെ.പി. നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻ.ഡി.എ.) ഇപ്പോൾ പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകളും നിയന്ത്രിക്കുന്നു. നിലവിൽ, മുന്നണിക്ക് സംസ്ഥാനത്തുടനീളം 1,600 ഓളം വാർഡ് അംഗങ്ങളുണ്ട്. ഇത് വർദ്ധിപ്പിക്കാനും അവർ ലക്ഷ്യമിടുന്നു.