ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആയിരങ്ങൾ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി. ഭക്തർക്കായി പെരിയാർ തീരത്ത് 114 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. നാളെ രാവിലെ വരെ ബലിതർപ്പണം ഉണ്ടായിരിക്കും.
കോവിഡ് മഹാമാരിക്ക് ശേഷം രണ്ട് വർഷത്തിനുശേഷമാണ് വൻ ജനാവലി ആലുവ തീരത്ത് ശിവരാത്രി ദിനത്തിൽ ബലിതർപ്പണം നടത്തുന്നത്. ഒരിക്കൽ ആഹാരവും മന്ത്രജപവുമായി ആയിരക്കണക്കിന് ഭക്തരാണ് ശിവരാത്രിയിൽ ആലുവ മണൽ പുറത്ത് കഴിച്ചുകൂട്ടിയത്. ശിവക്ഷേത്രത്തിലെ ശിവരാത്രി വിളക്കും കഴിഞ്ഞ് അർദ്ധരാത്രിയോടുകൂടിയാണ് പിതൃ കർമ്മങ്ങൾ ആരംഭിച്ചത്. വൈകുന്നേരത്തോടെ തന്നെ ആലുവ മണപ്പുറം ജനങ്ങളാൽ തിങ്ങിനിറഞ്ഞു. ബലിതർപ്പണവുമായി ബന്ധപ്പെട്ട് ആലുവയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്