സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ഇടത് മുന്നണിയിൽ എതിർപ്പ്. സർക്കാരിന്‍റെ മധ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയൻ എഐടിയുസി രംഗത്തെത്തി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും, റിസോർട്ടുകളിലും റസ്‌റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. പുതിയ മദ്യനയത്തിൽ ഭേദഗതികൾ ആവശ്യമാണ്. കള്ള് വ്യവസായത്തെ തകർക്കുന്ന മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. കള്ള് ചെത്തു മേഖലയെ പൂർണമായും തഴഞ്ഞു. ‘ടോഡി’ ബോർഡിൽ മൗനം പാലിക്കുന്നതായും എഐടിയുസി വിമർശിച്ചു. രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള് ചെത്താൻ അവകാശമുള്ളൂ. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു.
പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ളിൽ നിന്ന് മൂല്യവർദധിത ഉൽപ്പന്നങ്ങള്‍ കുടുംബശ്രീ നിർമ്മിക്കും. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ളകൊണ്ടുപോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാൻ സാങ്കേതിക സംവിധാനം കൊണ്ടുവരും. വിദ്യാഭ്യാസ – കായികവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ലഹരിക്കെതിരെ നടപടി ശക്തമാക്കും. കൂടുതൽ ലഹരിവിമുക്തി കേന്ദ്രങ്ങളും തുടങ്ങാനും മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്.
30 ലക്ഷമായിരുന്ന ബാര്‍ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം കൂടി കൂട്ടുന്നതിൽ ബാര്‍ ഹോട്ടൽ ഉടമകൾക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാൽ ഇതിൽ പുനഃപരിശോധന ഉണ്ടായിട്ടില്ല. സ്റ്റാര്‍ പദവി പുതുക്കാൻ അപേക്ഷ നൽകിയ ഹോട്ടലുകൾക്ക് അത് കിട്ടുന്ന വരെ താൽകാലിക ലൈസൻസ് നൽകും. വിനോദ സഞ്ചാര മേഖലയിൽ സീസണടുക്കുമ്പോൾ ബിയര്‍, വൈൻ വിൽപ്പനക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും ഉടമസ്ഥതയുള്ള തെങ്ങിൽ നിന്നും കള്ള് ചെത്തിയും അതിഥികള്‍ക്ക് നൽകാം. മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ബ്രാൻഡ് രജിസ്ട്രേഷ ഫീസും എക്സ്പോർട്ട് ഫീസും പുനക്രമീകരിക്കും. ഇനിയും തുറക്കാനുള്ള 309 ഔട്ട് ലൈറ്റുകള്‍ ഉടൻ തുറക്കും. ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ട മദ്യനയത്തിന് മാസങ്ങൾ വൈകി ഇന്നലെയാണ് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്.