കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നടന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ നടനെതിരെ ചുമത്തിയതെന്ന് എസിപി നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടനെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. അതേസമയം, ഹോട്ടലിൽ ആരോ തന്നെ ആക്രമിക്കാൻ വന്നതാണെന്ന് കരുതി ഭയന്നാണ് താൻ ഓടിയതെന്നാണ് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞതെന്നും വിവരമുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് ഇന്നു 10 മണിയോടെയാണ് നടൻ സ്റ്റേഷനിൽ ഹാജരായത്.
ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ച ശേഷമാണ് നടനെ വിട്ടയച്ചത്. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്ന് പൊലീസ് ശേഖരിച്ചിരുന്നു. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസ് വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നടനെ അറസ്റ്റു ചെയ്തത്.