മഞ്ചേശ്വരത്ത് ബേക്കൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടേകാലോടെ മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ ആണ് പന്തൽ തകർന്ന് 59 പേർക്ക് പരിക്കേറ്റത്. മത്സരങ്ങൾ നടന്ന പ്രധാന വേദിയിൽ, തകര ഷീറ്റും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും കൈകാലുകൾക്കുമാണ് അധികം പേർക്കും പരിക്കേറ്റത്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് മാറിയിരുന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പന്തൽ നിർമാതാക്കളായ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.