ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി എം മുബാറക് പാഷയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി പി ജഗദിരാജാണ് പുതിയ വൈസ് ചാൻസലർ. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് രാജി സ്വീകരിച്ചത്.
നേരത്തെ ഗവർണർ നടത്തിയ ഹിയറിങ്ങിൽ ഓപ്പൺ സർവകലാശാല വി സി പങ്കെടുത്തിരുന്നില്ല. കോടതി നിർദേശപ്രകാരമാണ് ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയത്. വി സി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും വി സിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ഗവര്‍ണർ നൽകിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.
നാലു വി സിമാരും അയോഗ്യരാണെന്നായിരുന്ന് ഹിയറിങ്ങിനു ശേഷമുള്ള ഗവർണറുടെ നിലപാട്. ചട്ടങ്ങൾ പാലിക്കാതെ നിയമിച്ച വി സിമാർ അയോഗ്യരാണെന്ന് യുജിസിയും നിലപാടെടുത്തു. ഡിജിറ്റൽ സർവകലാശാലയുടെ വി സി നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. ഓപ്പൺ സർവകലാശാല വിസി ഹാജരായില്ല. കേരള, കെടിയു, കുസാറ്റ്, എംജി, കണ്ണൂർ, മലയാളം, കാർഷിക, ഫിഷറീസ്, നിയമ സര്‍വകലാശാലകളിൽ നിലവിൽ വിസിമാരില്ല. ചീഫ് ജസ്റ്റിസാണ് നിയമ സർവകലാശാലയുടെ ചാൻസലർ.