നവരാത്രിയുടെ അവസാനനാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുട്ടികൾക്ക് ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. പുലര്‍ച്ചെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രമാണ് ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം. ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. തുഞ്ചന്‍പറമ്പ്, ചോറ്റാനിക്കര എന്നിവിടങ്ങളിളെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളെ കൂടാതെ സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നുണ്ട്. കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.