സുൽത്താൻ ബത്തേരി നഗരത്തിൽ കാട്ടാന ഇറങ്ങിയതിനെത്തുടർന്ന് നഗരസഭയുടെ പത്ത് ഡിവിഷനുകളിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ പി.എം- 2 എന്ന കാട്ടാന ടൗണിൽ ഇറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ 144 പ്രഖ്യാപിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് കാട്ടാനയുടെ ആക്രമണം തുടങ്ങിയത്. റോഡിലൂടെ നടന്നുവന്ന യാത്രക്കാരനെ ആന ആക്രമിക്കുകയായിരുന്നു. വേങ്ങൂർ, നോർത്ത് വേങ്ങൂർ, സൗത്ത് ആർമാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂർ, കൈവെട്ടാ മൂല എന്നീ ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ബത്തേരി നഗരസഭയിലെ വാർഡ് 4 6 9 10 15 23 24 32 34 35 എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആന ഇറങ്ങിയതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചത്