കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹമാണ് മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്. . അപ്പം അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 കോടിയുമാണ്. 12.73 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ ആകെ വരവ് 9.92 കോടിയായിരുന്നു. ദിവസം ശരാശരി രണ്ടരലക്ഷം ടിൻ അരവണ വിൽക്കുന്നുണ്ട്. 51 ലക്ഷം കണ്ടെയ്നർ സ്റ്റോക്കുണ്ട് എന്നാണ് അറിയുന്നത് .
6 ലക്ഷത്തോളം തീർഥാടകർ ശബരിമലയിൽ മണ്ഡല കാല തീർഥാടനം ആരംഭിച്ച് 11 ദിവസം ആകുമ്പോൾ തീർഥാടനം നടത്തിയെന്നാണ് ഔദ്യോഗികമായ കണക്ക്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ മണ്ഡല കാലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നത്. എന്നാൽ അതുമാറി ഇന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ ഓൺലൈനായി ബുക്ക് ചെയ്‌ത ദിവസം. 90,000 തീർഥാടകരാണ് ഓൺലൈനായി ബുക്ക് ചെയ്‌തത്.
ഇന്നുമുതൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തിൽ അടക്കമുള്ള അപാകതകൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു