വിവാദങ്ങൾക്കൊടുവിൽ ആന്ധ്രാപ്രദേശിന്റെ പുതിയ ഗവര്‍ണറായി ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെ പ്രശാന്ത് കുമാര്‍ മിശ്ര ജസ്റ്റിസ് അബ്ദുള്‍ നസീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന വിഭജനത്തിന് ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് അബ്ദുള്‍ നസീര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാതെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം.
സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സയ്യിദ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചതില്‍ വലിയ വിവാദം കത്തിക്കയറിയിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് വിരമിച്ചത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച് വെറും 39 ദിവസത്തിന് ശേഷമായിരുന്നു അദ്ദേഹത്തെ ഗവർണറാക്കുമെന്ന പ്രഖ്യാപനം. ഇതിന് പിന്നാലെ കടുത്തവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ അവരെ മറ്റ് തസ്തികകളിലേക്ക് അയയ്ക്കുന്നു. ഇത് കാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കുറയുന്നു.ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കി. ഇപ്പോള്‍ ജസ്റ്റിസ് നസീറിനെ ഗവര്‍ണറാക്കി. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം