കർണാടകയിൽ കൂടുതൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2 എച്ച്എംപിവി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി കേസുകൾ ഇതിനകം പ്രചാരത്തിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എച്ച്എംപിവി രോഗനിർണയം നടത്തിയ മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് ബ്രോങ്കോ ന്യൂമോണിയ ബാധിച്ചിരുന്നു. കുട്ടിയെ ഡിസ്ചാർജ് ചെയ്തിരുന്നു. എട്ട് മാസം പ്രായമുള്ള കുട്ടിയിൽ ഞായറാഴ്ചയണ് വൈറസ് പോസിറ്റീവ് കണ്ടെത്തിയത്. കൂടാതെ ബ്രോങ്കോപ് ന്യുമോണിയയുടെ തുടർച്ചയും ഉണ്ടായിരുന്നു. കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഐസിഎംആർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഒന്നിലധികം ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് ബെംഗളൂരുവിലെ രണ്ട് കേസുകളും തിരിച്ചറിഞ്ഞത്.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
എച്ച്എംപിവി യുടെ പ്രധാന ലക്ഷണങ്ങൾ:
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ എച്ച്എംപിവി മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു.