റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. മാസങ്ങളായി സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിക്കൊണ്ടിരുന്ന ഉഭയകക്ഷി ഉപരോധ ബില്ലിനാണ് ട്രംപ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്ക് പണം കണ്ടെത്താൻ സഹായിക്കുന്ന രാജ്യങ്ങളെ നിയന്ത്രിക്കാനാണ് ഈ നീക്കം. സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ഈ ബില്ലിലൂടെ റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീരുവകളിൽ ഇളവ് നൽകണമെന്ന് ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണെങ്കിലും, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ ഏകദേശം 18 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയിട്ടുണ്ട്. ഇത് 50 ശതമാനം വരെ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ ബില്ല് കൂടി നിയമമായാൽ ഇന്ത്യൻ കയറ്റുമതി മേഖലയെ അത് സാരമായി ബാധിക്കും. ബില്ല് അടുത്ത ആഴ്ച തന്നെ സെനറ്റിൽ വോട്ടിനിട്ടേക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കിടയിലും റഷ്യയുടെ വരുമാന മാർഗ്ഗങ്ങൾ തടയാനാണ് അമേരിക്കയുടെ ഈ നീക്കം.

