മണിപ്പൂർ വിഷയത്തിലെ ചർച്ചയ്ക്കിടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൺസൂൺ സമ്മേളനത്തിന്റെ മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയറിനെ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ജഗ്ദീപ് ധൻഖർ വ്യക്തമാക്കി. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയാണ് സസ്‌പെന്‍ഷന്‍.
തുടർന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ടിഎംസി നേതാവിനെ മൺസൂൺ സമ്മേളനത്തിന്റെ തുടർനടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ ഗോയൽ എഴുന്നേറ്റ ഉടൻ തന്നെ ടിഎംസി എംപിമാർ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ശേഷം മൺസൂൺ സെഷന്റെ അവശേഷിക്കുന്ന സമയത്തേക്ക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തതായി ധൻഖർ അറിയിച്ചു. ചട്ടം അനുസരിച്ച്, ചെയർ വിലക്കുന്ന എംപി അന്നത്തെ സഭാ നടപടികളിൽ നിന്ന് മാറിനിൽക്കണം. ബഹളത്തെ തുടർന്ന് സഭ ഉച്ചവരെ നിർത്തിവച്ചു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 11ന് അവസാനിക്കും.
തിങ്കളാഴ്ച വൈകുന്നേരം ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയും ചെയറും ഒബ്രിയാനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കിടെ ഡെറക് ഒബ്രിയൻ ജനപ്രീതി നേടുന്നതിനായി സഭയിൽ നാടകം കളിക്കുകയാണെന്ന് ധൻഖർ ആരോപിച്ചിരുന്നു.