പൈലറ്റ് എത്താത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകി. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. എട്ട് മണിക്കൂര്‍ വൈകിയ വിമാനം രാവിലെ ആറു മണിയോടെയാണ് പുറപ്പെട്ടത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നത്.
ഇന്നലെ മുംബൈ കോഴിക്കോട് വിമാനവും വൈകിയിരുന്നു. മണിക്കൂറുകള്‍ വൈകിയായിരുന്നു മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണു വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന്റെ കാരണമെന്ന് അറിയിച്ചു.