ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാരുമായാണ് ടെൽ അവീവിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഹമാസുമായി സംഘർഷം നിലനിൽക്കുന്ന ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ അജയ് പ്രകാരം സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനമാണിത്.
ഓപ്പറേഷൻ അജയ് പ്രകാരമുള്ള അഞ്ചാമത്തെ വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാർ എത്തിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പോസ്റ്റിലൂടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.