ഭക്ഷ്യവിഷബാധ ചെറുക്കുന്നതിന്‍റെ ഭാഗമായി ഭക്ഷണങ്ങളിൽ മയോണൈസിന്റെ ഉപയോഗം ഒരു വര്‍ഷത്തേക്ക് തെലങ്കാന സർക്കാർ നിരോധിച്ചു. മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്നാണ് ഒരു വര്‍ഷത്തേക്ക് സർക്കാർ നിരോധനമേർപ്പെടുത്തിയത്. മുട്ടയിൽ നിന്ന് നിർമ്മിച്ച മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി സംശയിക്കുന്നതിനാലാണ് ഈ നീക്കമെന്ന് തെലങ്കാന ഫുഡ് സേഫ്റ്റി കമ്മീഷണർ പറഞ്ഞു. ഒരു ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന് കണ്ടാൽ സുരക്ഷ മുൻനിർത്തി അത് നനിരോധിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേർ രോഗബാധിതരാകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ്. മുട്ട ചേർത്ത് തയ്യാറാക്കുന്ന മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഭക്ഷണത്തിന്റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മയോണൈസിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മുട്ടയും എണ്ണയും വിനാഗിരിയോ നാരങ്ങാനീരോ ചേർത്താണ് മയോണൈസ് തയ്യാറാക്കുന്നത്. സാൻഡ്‌വിച്ചുകൾ, മോമോസ്, ഷവർമ, അൽ ഫഹാം ചിക്കൻ തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട അടിസ്ഥാനമാക്കിയുള്ള മയോണൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് അടുത്തിടെയുണ്ടായ നിരവധി ഭക്ഷ്യവിഷബാധ കേസുകളും റിപ്പോർട്ട് ചെയ്തതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.