നീല മുടിയും പോൾക്ക ഡോട്ടുള്ള ഉടുപ്പിട്ട വികൃതിപെൺകുട്ടി – അമുൽ ബട്ടറിനായി 1966-ൽ ആണ് ‘അട്ടർലി ബട്ടർലി’ എന്ന പരസ്യവാചകത്തോടെ അമുൽ ഗേളിനെ അവതരിപ്പിച്ച സിൽവസ്റ്റർ ഡകുന അന്തരിച്ചു. 80 വയസ്സായിരുന്നു. മുംബൈയിൽ ചൊവ്വാഴ്ച രാത്രി അദ്ദേഹം അന്തരിച്ചുവെങ്കിലും ബുധനാഴ്ചയാണ് അമുൽ മരണവിവരം പുറത്തുവന്നത്.
ധവളവിപ്ലവത്തിന്റെ പിതാവായ അമുൽ കുര്യന്റെ നിർദേശപ്രകാരം ആണ് 1966-ൽ അമുലിന്റെ മാതൃകമ്പനിയായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എതിരാളികളായിരുന്ന പോൾസണിന്റെ ‘ബട്ടർ ഗേളിനു’ ബദലായി പരസ്യം തയ്യാറാക്കാൻ സിൽവസ്റ്റർ ഡാകുന എം.ഡി.യായ അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ (എ.എസ്.പി.) എന്ന കമ്പനിയെ സമീപിച്ചത്. 1966-ലാണ് ‘അട്ടർലി ബട്ടർലി’ എന്ന പരസ്യവാചകത്തോടെ അമുൽ ഗേളിനെ അവതരിപ്പിച്ചത്. ആദ്യം മുംബൈയിലെ ഏതാനും പരസ്യബോർഡുകളിൽ പ്രത്യക്ഷപ്പെട്ടു, അതിനുശേഷം ബ്രാൻഡിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമായി മാറി. ലോകത്ത് ഏറ്റവുമധികക്കാലം തുടർച്ചയായി പരസ്യപ്രചാരണത്തിൽ കഥാപാത്രമായി വന്നുകൊണ്ടിരിക്കുകയാണ് അമുൽ ഗേൾ. ആർട്ട് ഡയറക്ടറായിരുന്ന യൂസ്റ്റേസ് ഫെർണാണ്ടസിന്റെ സഹായത്തോടെ ചുവന്ന പുള്ളിയുടുപ്പും ഇതിനുചേരുന്ന റിബ്ബണും പോണിയും ചുവന്ന ഷൂവും ധരിച്ച് നീലമുടിയുള്ള അമുൽ ഗേൾ അവതരിച്ചു.
അമുൽ പരസ്യം തരംഗമായതോടെ 1969-ൽ അദ്ദേഹം ഡാകുന കമ്യൂണിക്കേഷൻസ് എന്ന കമ്പനിക്കു തുടക്കമിട്ടു. നിലവിൽ ചെയർമാനായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന എച്ച്.എം. പട്ടേലിന്റെ മകളും മുംബൈയിലെ സെയ്ന്റ് സേവ്യേഴ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ നിഷയാണ് ഭാര്യ. മകൻ രാഹുൽ ഡാകുന പരസ്യരംഗത്തുപ്രവർത്തിക്കുകയാണ്.