കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ സുപ്രീം കോടതിയിൽ ഹർജി നൽകി. മാർച്ച് 9 ന് പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെങ്കിൽ പെൺകുട്ടികൾക്ക് ഒരു വർഷം നഷ്ടമാകുമെന്നും അതിനാൽ അടിയന്തര ലിസ്റ്റിംഗ് വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ഷദൻ ഫരാസ്റ്റ് ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം അവതരിപ്പിച്ചു. വിഷയം പരിശോധിച്ച് ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ് ഹർജിക്കാർക്ക് ഉറപ്പ് നൽകി.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിൽ നിർബന്ധമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നുമുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
കർണാടക സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതോടെ നിരവധി മുസ്ലീം വിദ്യാർത്ഥികൾക്ക് സ്വകാര്യ കോളേജുകളിലേക്ക് മാറേണ്ടി വന്നു. എന്നാൽ,ഹിജാബുകൾക്ക് നിയന്ത്രണമുള്ള സർക്കാർ കോളേജുകളിലാണ് ഹർജിക്കാരായ വിദ്യാർത്ഥിനികൾ പരീക്ഷ എഴുതുന്നത്. ഈ സാഹചര്യത്തിലാണ് ഇടക്കാല ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.