മുൻ നക്സലൈറ്റും കവിയും വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം, ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിപ്ലവ ഗായകന്റെ മരണത്തില്‍ നിരവധി ആളുകള്‍ അനുശോചനം രേഖപ്പെടുത്തി.
ഗദ്ദര്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഗുമ്മാഡി വിത്തല്‍ റാവു എന്നാണ്. ‘ജനങ്ങളുടെ ഗായകന്‍’ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗദ്ദർ. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.
പഞ്ചാബിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത ഗദ്ദർ പാർട്ടിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിത്തൽ റാവു ഗദ്ദർ എന്ന പേര് സ്വീകരിച്ചത്. 1997ൽ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും സുഷുമ്‌നാ നാഡിയില്‍ തങ്ങി നിന്ന ഒരു വെടിയുണ്ടയുമായാണ് അദ്ദേഹം ഇക്കാലമത്രയും ജീവിച്ചത്.