ഖാലിസ്ഥാനി വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായി പാപാല്‍പ്രീത് സിംഗിനെ പഞ്ചാബ് പോലീസ് പിടികൂടി. പഞ്ചാബ് പോലീസും കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോഷിയാര്‍പൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മാര്‍ച്ച് 18 മുതലാണ് അമൃത്പാല്‍ സിങ്ങിനേയും ഖാലിസ്ഥാന്‍ അനുകൂല ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയേയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.
അമൃത്പാല്‍ സിങ്ങും സഹായിയും ജലന്ധര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലും പരിസരങ്ങളിലും ഒളിവില്‍ കഴിഞ്ഞിരുന്നു. ഇവര്‍ ഫഗ്വാര ടൗണിലെയും നാദ്ലോണ്‍, ബിബി ഗ്രാമങ്ങളിലെയും മൂന്ന് വ്യത്യസ്ത ദേരകളില്‍ താമസിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. രക്ഷപ്പെട്ട അമൃതപാല്‍ സിംഗ് മാര്‍ച്ച് 18 ന് ജലന്ധറില്‍ വാഹനങ്ങള്‍ മാറ്റിയും രൂപം മാറ്റിയും പോലീസിന്റെ കണ്ണില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ ഇയാള്‍ക്കും സഹായി പപാല്‍പ്രീത് സിങ്ങിനുമെതിരെ സംഘര്‍ഷം സൃഷ്ടിച്ചതിനും കൊലപാതകശ്രമത്തിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഡ്യൂട്ടി നിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ചതിനും കേസെടുത്തിരുന്നു.