സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് 24 സുപ്രീം കോടതി ജഡ്ജിമാരും ഈ വാരാന്ത്യത്തിൽ ആന്ധ്രാപ്രദേശിൽ അവധി ആഘോഷിക്കാൻ എത്തിയേക്കും. ജനുവരി 11 മുതൽ 14 വരെ ജീവിതപങ്കാളികൾ ഉൾപ്പെടെയുള്ള സംഘം വിശാഖപട്ടണവും അരക്ക് താഴ്‌വരയും സന്ദർശിക്കുമെന്നാണ് റിപോർട്ടുകൾ. കോടതിയുടെ അവധിക്കാലത്തെ അനൗപചാരിക കൂടിച്ചേരലെന്നാണ് യാത്രയെ വിശേഷിപ്പിക്കുന്നത്.
എല്ലാ സർക്കാർ ജീവനക്കാർക്കും ലഭ്യമായ ആനുകൂല്യമായ ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ഉപയോഗിച്ച് ജഡ്ജിമാർ വ്യക്തിപരമായി ചെലവുകൾ വഹിക്കും. ജഡ്ജിമാരെയും അവരുടെ കുടുംബങ്ങളെയും ഒരുമിച്ച് വിശ്രമിക്കാൻ അനുവദിക്കണമെന്ന ആശയമാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടുവച്ചതെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. യാത്ര ഔദ്യോഗിക സന്ദർശനമല്ലെന്നും കോടതിയിൽ നിന്ന് പണം ലഭിക്കില്ലെന്നും അവർ വ്യക്തമാക്കി.