രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്) ന്യൂഡൽഹിയിലെ തങ്ങളുടെ വിശാലമായ പുതിയ ഓഫീസ് സമുച്ചയമായ ‘കേശവ് കുഞ്ച്’ ഉദ്ഘാടനം ചെയ്തു. 150 കോടി രൂപയുടെ പൊതുജന സംഭാവനകൾ കൊണ്ട് പൂർണ്ണമായും ധനസഹായം ലഭിച്ച അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ഒരു സൗകര്യമാണ് ഈ ഓഫീസ്. ഡൽഹിയിലെ ഝണ്ഡേവാലനിൽ നാലേക്കർ ഭൂമിയിലാണ് പുതിയ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
കേശവ് കുഞ്ച് എന്ന് അറിയപ്പെടുന്ന ആസ്ഥാനത്തിൽ ആശുപത്രിയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ആസ്ഥാനത്ത് ആർഎസ്എസ് ഒരുക്കിയിട്ടുണ്ട്. 4 ഏക്കർ സ്ഥലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബഹുനില സമുച്ചയത്തിൽ മൂന്ന് ഉയർന്ന കെട്ടിടങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, 8,500 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി, അഞ്ച് കിടക്കകളുള്ള ഒരു ആശുപത്രി എന്നിവ ഉൾപ്പെടുന്നു.
അഞ്ച് ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന 12 നിലകളുള്ള മൂന്ന് കെട്ടിടങ്ങളായിട്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചിരിക്കുന്നത്. ദീൻധയാൽ ഉപാദ്യായ് മാർഗിൽ സ്ഥിതിചെയ്യുന്ന ബിജെപിയുടെ ആസ്ഥാനത്തെക്കാൾ വലിപ്പം കേശവ് കുഞ്ചിനുണ്ട്. ഇതിനുള്ളിൽ ആശുപത്രിയ്ക്ക് പുറമേ ലൈബ്രറി, കാന്റീൻ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഗവേഷണ വിദ്യാർത്ഥികൾക്ക് മുതൽകൂട്ടാണ് ഇവിടുത്തെ ലൈബ്രറി. ഇവിടെ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ക്യാബിനുകളിൽ ഇരുന്ന് വിദ്യാർത്ഥികൾക്ക് പഠിക്കാം. ഒരേ സമയം 1300 പേർക്ക് ഇരിക്കാവുന്ന ബൃഹത്തായ ഓഡിറ്റോറിയവും ആർഎസ്എസിന്റെ പുതിയ ആസ്ഥാനത്തിന്റെ പ്രത്യേകതയാണ്.
150 കോടി രൂപ ചിലവിട്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചിരിക്കുന്നത്. 75,000 പേരുടെ സംഭാവനയാണ് ഡൽഹിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം. ആർഎസ്എസ് പ്രവർത്തകരിൽ നിന്നും ആർഎസ്എസുമായി ബന്ധമുള്ളവരിൽ നിന്നും ശേഖരിച്ച പണം കൊണ്ടാണ് കേശവ് കുഞ്ചിന്റെ നിർമ്മാണം. മൂന്ന് കെട്ടിടങ്ങൾക്കും മൂന്ന് പേരുകൾ ആർഎസ്എസ് നൽകിയിട്ടുണ്ട്. സാധന, പ്രേരണ, അർച്ചന എന്നിങ്ങനെയാണ് പേരുകൾ. ഇതിൽ സാധനാ ടവറിലാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. പ്രേരണയിലും അർച്ചനയിലും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. 300 മുറികൾ മൂന്ന് കെട്ടിടങ്ങളിലുമായുണ്ട്. ഓഫീസ് മുറികൾ ഒഴികെ നിരവധി കോൺഫറൻസ് ഹാളുകൾ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 270 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഏരിയ ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ച് ബെഡുകൾ ഉള്ള ആശുപത്രിയാണ് കെട്ടിടങ്ങളിൽ ഒന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഡിസ്‌പെൻസറിയും പ്രവർത്തിക്കുന്നു. പൊജുനങ്ങൾക്കും മറ്റുളളവർക്കും മരുന്നിനായി ഈ ഡിസ്‌പെൻസറിയെ ആശ്രയിക്കാം. ആസ്ഥാനത്തിനകത്ത് ഹനുമാൻക്ഷേത്രവും ഒരുക്കിയിട്ടുണ്ട്.
വായുവും വെളിച്ചവും ധാരളമായി അകത്തേയ്ക്ക് എത്തുന്ന രീതിയിലാണ് പുതിയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. സോളാർ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ പ്രവർത്തനത്തിനുള്ള വൈദ്യുതി ഇവിടെ തന്നെ ഉദ്പാതിപ്പിക്കപ്പെടും. ഉപയോഗിച്ച ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗുജറാത്തിലെ പ്രമുഖ ആർകിടെക് ആയ അനൂപ് ദേവ് ആണ് പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ആസ്പീഷ്യസ് കൺസ്ട്രക്ഷൻ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിശ്വഹിന്ദു പരിഷതിന്റെ ധർമ്മ യാത്ര മഹാസംഘ് കെട്ടിടം നിർമ്മിച്ചതും ഇവരാണ്.
എട്ട് വർഷം മുൻപാണ് കേശവ് കുഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതോടെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ ഉദാസി ആശ്രമത്തിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ സെപ്തംബറോടെ കേശവ് കുഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഇതോടെ സാധനങ്ങൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന തിരക്കിൽ ആയിരുന്നു പ്രവർത്തകർ. ഇത് പൂർത്തിയായതിന് പിന്നാലെയാണ് ഓഫീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ആർഎസ്‌എസിന്റെ ധാർമികതയും പൈതൃകവും പ്രദർശിപ്പിക്കുന്നതിനായി കെട്ടിടത്തിനുള്ളിൽ ഒരു പ്രദർശനം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിൽ ഇന്ത്യയിലുടനീളം 3,500 മുഴുവൻ സമയ പ്രചാരകരാണ് സംഘടനയ്ക്കുള്ളത്. ഈ പുതിയ സൗകര്യം അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ശൃംഖലയുടെ കേന്ദ്രമായി വർത്തിക്കും. ആർഎസ്‌എസ് ആസ്ഥാനം നാഗ്പൂരിൽ തന്നെയാണെങ്കിലും, ഡൽഹിയിൽ കേശവ് കുഞ്ച് സ്ഥാപിക്കുന്നത് ഇന്ത്യയുടെ തലസ്ഥാനത്ത് സംഘടനയുടെ ശക്തമായ സാന്നിധ്യത്തെ ശക്തിപ്പെടുത്തും.