ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ അഞ്ച്
സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്.
രാജ്യത്തുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ പുതിയ വൈറസുകളല്ലെന്ന് ചൈന ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനയിലെ കുട്ടികളിൽ ന്യുമോണിയ ബാധ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബീജിംഗിൽ നിന്നുള്ള ഈ പ്രസ്താവന. പനിയും അറിയപ്പെടുന്ന മറ്റ് രോഗാണുക്കളും കാരണം രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇൻഫ്ലുവൻസ വൈറസ് (എച്ച് 9 എൻ 2), റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അല്ലെങ്കിൽ ആർഎസ്വി, അഡെനോവൈറസ്, മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾ എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധാരണ കാരണങ്ങളാകുകയെന്നും അദ്ദേഹം വ്യക്തമാക്കി
വടക്കൻ ചൈനയിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ, ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. മുൻകരുതൽ നടപടികളെടുക്കാനും രോഗവ്യാപനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാനും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നെന്ന് ചൈനീസ് ആരോഗ്യ കമ്മിഷൻ സ്ഥിരീകരിച്ചത്.
കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ഓക്കാനം, തുമ്മൽ, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.