കാര്‍ഗില്‍ വിജയ ദിനത്തില്‍ ലഡാക്കിലെ ദ്രാസില്‍ നിയന്ത്രണ രേഖ കടന്നതിനെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനക്കെതിരെ പാകിസ്ഥാന്‍. ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായും പ്രാപ്തമാണെന്ന് ഇന്ത്യന്‍ നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണാത്മക പരാമര്‍ശങ്ങള്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണ്. ദക്ഷിണേഷ്യയിലെ തന്ത്രപരമായ അന്തരീക്ഷം അസ്ഥിരപ്പെടുത്താന്‍ ഇത് കാരണമാകുന്നു എന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച് കൂട്ടിച്ചേര്‍ത്തു.
1999 ജൂലൈ 26ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ച ശേഷവും ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നില്ലെങ്കില്‍ അത് സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമായതുകൊണ്ടാണെന്ന പരാമര്‍ശമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. സമാധാനത്തെ സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. നാം പരമ്പരാഗത മൂല്യങ്ങളില്‍ വിശ്വസിക്കുകയും അന്താരാഷ്ട്ര നിയമങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നു.എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയന്ത്രണരേഖ കടക്കാന്‍ പോലും മടിക്കില്ലെന്നും രാജ്‌നാഥ് സിങ് ദ്രാസില്‍ വെച്ച് പറഞ്ഞു. ഇന്ത്യക്ക് അതിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാം. നിയന്ത്രണരേഖ കടക്കുന്നതുള്‍പ്പെടെ ചെയ്യേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത ദേശീയവാദം പ്രോത്സാഹിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുമായി ഇന്ത്യയിലെ നേതാക്കള്‍ പാക്കിസ്ഥാനെ വലിച്ചിഴയ്ക്കുന്നു. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്’ എന്നും പാക് പ്രസ്താവനയില്‍ പറയുന്നു. കൂടാതെ തര്‍ക്കമേഖലയില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ ആത്മാര്‍ഥമായി നടപ്പാക്കാന്‍ പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ ഉപദേശിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.