പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ” ഇന്ത്യയിൽ എല്ലായിടത്തും ഒരു ശബ്ദം മാത്രമേയുള്ളൂ – അഴിമതിയോട് ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യത്തോട് ക്വിറ്റ് ഇന്ത്യ, പ്രീണനത്തോട് ക്വിറ്റ് ഇന്ത്യ,”- മോദി വ്യക്തമാക്കി. ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യത്തെ ‘ഇന്ത്യ വിടുക’ എന്ന് അദ്ദേഹം പരിഹസിച്ചു. “ക്വിറ്റ് ഇന്ത്യാ സമരം സ്വാതന്ത്ര്യം നേടുന്നതിനുള്ള ഇന്ത്യയുടെ പടവുകൾക്ക് ഊർജ്ജമായിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എല്ലാ തിന്മകളോടും ‘ക്വിറ്റ് ഇന്ത്യ’ എന്ന് രാജ്യം മുഴുവൻ പറയുന്നു. 1942 ആഗസ്ത് 9 നാണ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ടതിന് ശേഷമാണ് മോദിയുടെ ആക്രമണം. വെർച്വൽ ആയി സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ രീതികളെ അപലപിച്ചു. മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കാനും സ്വയം ഒന്നും ചെയ്യാതിരിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യം ഒരു ആധുനിക പാർലമെന്റ് മന്ദിരം നിർമ്മിച്ചു. പാർലമെന്റ് രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രതീകമാണ്. അതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പ്രാതിനിധ്യമുണ്ട്. എന്നാൽ പ്രതിപക്ഷം ഈ പുതിയ പാർലമെന്റ് മന്ദിരത്തെ എതിർത്തു. 70 വർഷമായി, പ്രതിപക്ഷം രാജ്യത്തെ ധീരഹൃദയന്മാർക്ക് ഒരു യുദ്ധ സ്മാരകം പോലും നിർമ്മിച്ചില്ല, ഞങ്ങൾ ദേശീയ യുദ്ധസ്മാരകം നിർമ്മിച്ചപ്പോൾ, അതിനെ പരസ്യമായി വിമർശിക്കാൻ പ്രതിപക്ഷത്തിന് ലജ്ജ തോന്നിയില്ല. നിഷേധാത്മക രാഷ്ട്രീയത്തിന് അതീതമായി പോസിറ്റീവ് രാഷ്ട്രീയത്തിന്റെ പാത യിൽ ഞങ്ങൾ മുന്നോട്ട് പോകുന്നു”. മോദി കൂട്ടിച്ചേർത്തു