കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെൻ്റ് നഴ്‌സിങ് കോളേജിലെ ക്രൂര റാഗിംഗിന് ഉപയോഗിച്ച വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളുമാണ് റാഗിംഗ് നടന്ന മുറിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മുറിവുകളില്‍ ഒഴിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിട്ടുണ്ട്. മുറിയിലെ മുഴുവന്‍ സാധനങ്ങള്‍ കസ്റ്റഡിയിലെടുത്ത പോലീസ് മുറി സീല്‍ ചെയ്തു.
ഹോസ്റ്റല്‍ മുറിയില്‍ നിന്നും കിട്ടിയ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം ഹോസ്റ്റലില്‍ വിശദമായ തെളിവെടുപ്പ് നടത്തും. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും.
അതേസമയം റാഗിംഗിനെതിരെ നാല് വിദ്യാര്‍ത്ഥികള്‍ കൂടി കോളേജിന്‍റെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം റാഗിങ്ങിൽ നടപടിയുമായി നഴ്സിംഗ് കൗൺസിൽ രംഗത്തെത്തി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും. ഹോസ്റ്റൽ മുറിയിൽ കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നീ വിദ്യാർത്ഥികൾ പഠനം തുടരാൻ അർഹരല്ലെന്നാണ് നഴ്സിംഗ് കൗൺസിലിൻ്റെ കണ്ടെത്തൽ. ഇന്ന് ചേർന്ന നേഴ്സിങ് കൗൺസിൽ യോഗത്തിലാണ് പ്രതികളായ മുഴുവൻ വിദ്യാർഥികളെയും തുടർ പഠനത്തിൽ നിന്നും വിലക്കാൻ തീരുമാനമെടുത്തത്. ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികൾ ചെയ്തുതന്നാണ് നേഴ്സിങ് കൗൺസിലിൻ്റെ വിലയിരുത്തൽ.
“ക്രൂരമായ റാഗിങ്ങാണ് നടന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കൗൺസിൽ തീരുമാനം കോളജിനെയും സർക്കാരിനെയും അറിയിക്കും. സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നഴ്സിങ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. കേരളത്തിൽ എന്തായാലും അവർക്ക് ഇനി പഠിക്കാൻ സാധിക്കില്ല. കേസിൽ തീരുമാനം ആകുന്നതിനുമുറയ്ക്കാകും മറ്റ് കാര്യങ്ങൾ.” വിദ്യാർത്ഥികളുടെ തുടർ പഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ അംഗം ഉഷാദേവി അറിയിച്ചു. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നുവെന്നും ഉഷാദേവി പറഞ്ഞു.