ന്യൂഡല്‍ഹി: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. രാജസ്ഥാന്‍ ബിക്കാനീറിലെ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് രാവിലെ 11.30ന് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക.
തുടർന്ന് കേരളത്തിലെ വടകര, ചിറയിന്‍കീഴ് ഉള്‍പ്പെടെയുള്ള ബാക്കി സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ഉദ്ഘാടന സഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തും. വടകരയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മുഖ്യാതിഥിയാവും. പി. ടി ഉഷ എം.പിയും ചടങ്ങുകളിൽ പങ്കെടുക്കും.
18 സംസ്ഥാനങ്ങളിലെ 103 സ്റ്റേഷനുകളുടെ നവീകരണത്തിനായി 1100 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. കേരളത്തില്‍ 35 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,300ലധികം സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെ സമഗ്രമായ പുനർവികസനം ലക്ഷ്യമിട്ടു കൊണ്ട് നരേന്ദ്ര മോദിസർക്കാർ ആരംഭിച്ച ഒരു ദർശനാത്മക സംരംഭമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. 1,300-ലധികം സ്റ്റേഷനുകളെ ഘട്ടം ഘട്ടമായി പുനർ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പദ്ധതി, യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രാദേശിക വാസ്തുവിദ്യയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതുമാണ്
മെച്ചപ്പെട്ട യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, വൃത്തിയുള്ളതും വിശാലവുമായ ടോയ്‌ലറ്റുകൾ, മികച്ച വെളിച്ചം, നവീകരിച്ച ടിക്കറ്റ് കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കുള്ള മെച്ചപ്പെട്ട പ്രവേശനക്ഷമത സവിശേഷതകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്റ്റേഷനുകൾ നവീകരിക്കുന്നു. തടസ്സമില്ലാത്ത മൾട്ടിമോഡൽ കണക്റ്റിവിറ്റിക്കും ഈ പദ്ധതി ഊന്നൽ നൽകുകയും നഗര വികസനത്തെ റെയിൽവേ ആസൂത്രണവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.