ബിജെപി സർക്കാരിന്റെ മൂന്നാം ടേമിൽ, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണ് അടുത്ത തവണയും എൻഡിഎ സർക്കാർ വരുമെന്നും താൻ തന്നെ നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ദില്ലിയിൽ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം നടക്കുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. ഇന്ത്യ സഖ്യം നൽകിയ നോട്ടീസിന് ബിആർഎസും പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിൻറെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്.