അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ പ്രധാനമന്ത്രിയുടെ സ്മാരകമായ ‘സദൈവ് അടലിൽ’ നടന്ന പ്രാർത്ഥനാ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിസഭയിലെ നിരവധി അംഗങ്ങളും പങ്കെടുത്തു
“അടൽ ജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും ചേരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉയർത്തുന്നതിലും, അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു”- നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പ്രാർത്ഥനാ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിസഭയിലെ നിരവധി അംഗങ്ങളും പങ്കെടുത്തു. പ്രത്യയശാസ്ത്രത്തിലും തത്വങ്ങളിലും അധിഷ്ഠിതമായ രാഷ്‌ട്രീയമാണ് അടൽ ബിഹാരി വാജ്‌പേയ് മുന്നോട്ട് വെച്ചതെന്ന് അമിത് ഷാ പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യ പ്രധാനമന്ത്രിയായ വാജ്‌പേയി, പാർട്ടിയെ അതിന്റെ അടിത്തറയ്ക്കപ്പുറം ജനകീയമാക്കുകയും ആറ് വർഷക്കാലം ഒരു കൂട്ടുകക്ഷി സർക്കാർ വിജയകരമായി നടത്തുകയും ചെയ്തു, ഈ സമയത്ത് അദ്ദേഹം പരിഷ്‌കാരങ്ങളും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു