തുടര്‍ച്ചയായ നാലാം തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് ബംഗ്ലാദേശിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു. പ്രധാന പ്രതിപക്ഷവും സഖ്യകക്ഷികളും ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് വിജയിക്കുകയായിരുന്നു. ഇതോടെ ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 76-കാരിയായ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്.
‘പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കുകയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ നാലാം തവണയും വിജയിച്ചതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള ശാശ്വതവും ജനകേന്ദ്രീകൃതവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’, മോദി പറഞ്ഞു
തിരഞ്ഞെടുപ്പിന് മുമ്പുള്ള അക്രമ പരമ്പരകള്‍ മൂലം ഞായറാഴ്ച നടന്ന ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് ഷെയ്ഖ് ഹസീനയ്ക്ക് തുടര്‍ച്ചയായ നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള വഴി തുറന്നുനല്‍കിയത്. 300 അംഗ പാര്‍ലമെന്റിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് 223 സീറ്റുകള്‍ നേടിയതായി ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ 41.8 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 1991ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2018ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പകുതിയോളം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇടയ്ക്കു നടന്ന ചില അക്രമ സംഭവങ്ങൾ ഒഴിച്ചാൽ 300 മണ്ഡലങ്ങളിൽ 299 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഒരു സീറ്റിലെ പോളിംഗ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവച്ചിരുന്നു.
അഴിമതി ആരോപണത്തില്‍ ഇപ്പോള്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. വെള്ളിയാഴ്ച രാജ്യത്തുടനീളം അക്രമങ്ങൾ നടന്നിരുന്നു. 18ഓളം തീവെപ്പ് ആക്രമണങ്ങളെങ്കിലും ഉദ്യോഗസ്ഥരും മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിൽ 10 എണ്ണം പോളിംഗ് സ്ഥലങ്ങളിലുമായിരുന്നു.