റായ്‌പ്പൂർ : റായ്പൂരിൽ മൂന്ന് ദിവസമായി തുടരുന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം അവസാനിച്ചു. വിദ്യാഭ്യാസം, കൃഷി, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ന് പ്രധാനമായും പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം എന്നീ വിഷയങ്ങളിൽ സമ്മേളനത്തിൽ ശക്തമായ നിലപാടെടുത്തതായാണ് വിവരം. മല്ലികാർജുൻ ഖാർഗെ നന്ദി രേഖപ്പെടുത്തി. കോൺഗ്രസിന്റെ 85 മത് പ്ലീനറി സമ്മേളനമാണ് ഇന്ന് അവസാനിച്ചത്.
എ ഐ സി സി പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിൽ കേരളത്തിൽ നിന്നുള്ള നാല് അംഗങ്ങളാണ് പ്രമേയാവതരണത്തിൽ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന എം ലിജുവിന്റെ നിർദ്ദേശം പ്രസംഗങ്ങളിൽ ശ്രദ്ധേയമായി. അദാനിക്കെതിരെ രാഹുൽഗാന്ധി നടത്തിയ പ്രസംഗം സഭാരേഖകളിൽ നിന്നും നീക്കിയെങ്കിലും രാഷ്ട്രീയ പ്രമേയത്തിലൂടെ ജനങ്ങളിൽ എത്തിക്കണമെന്ന് ലിജു പറഞ്ഞു.
നിയമസഭയിലെ പാർട്ടിലീഡർ എന്ന നിലയിൽ വി ഡി സതീശൻ സംസാരിച്ചത് സാമ്പത്തിക പ്രമേയം ആയിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വച്ചാണ് കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം നടന്നത്.