വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്ഥാൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
വെടിനിർത്തൽ ധാരണയുടെ ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചർച്ചയിലാണ് ഇന്നലെ വെടിനിർത്തൽ ധാരണയിൽ ഇരുരാജ്യങ്ങളും എത്തിയത്. ഇതുസംബന്ധിച്ച ചർച്ചക്കായി ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാകിസ്ഥാൻ പ്രകോപനം ആവർത്തിച്ചത്.
സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കാണാൻ സാധ്യതയുണ്ട്. ഇന്നലെയും കൂടിക്കാഴ്ച്ച നടന്നതായി റിപ്പോർട്ടുകളുണ്ട്. തൽക്കാലം നിലവിൽ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ല എന്നാണ് റിപോർട്ടുകൾ.