ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന് ശനിയാഴ്ച നടന്ന വർഷാവസാന വാർത്താ സമ്മേളനത്തിൽ ആണ് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആദ്യമായി തുറന്ന് സമ്മതിച്ചു. ഇന്ത്യൻ ഡ്രോണുകൾ റാവൽപിണ്ടിയിലെ ചക്‌ലാലയിലുള്ള നൂറ് ഖാൻ വ്യോമതാവളത്തെ ആക്രമിച്ചതായും, അതിൽ സൈനിക സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം സമ്മതിച്ചു.
“മേയ് 10-ന് പുലർച്ചെ പാകിസ്ഥാനിലേക്ക് ഡ്രോണുകൾ അയച്ചു. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അവർ അയച്ചിരിക്കും. 80-ൽ 79 ഡ്രോണുകളും ഞങ്ങൾക്ക് തടയാൻ കഴിഞ്ഞു. ഒരു ഡ്രോൺ മാത്രമാണ് വ്യോമതാവളത്തിൽ പതിച്ചത്. അതിൽ സൈനിക സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു”. ദാർ പറഞ്ഞു.
ഇന്ത്യൻ സായുധ സേന മേയ് ഏഴിന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ പ്രതികരണമായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ ആക്രമണം. ആദ്യം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടതിന് ശേഷമാണ് ഇന്ത്യൻ സൈന്യം പാക് സൈനിക സ്ഥാപനങ്ങളെ ആക്രമിച്ചത്.
മേയ് 10-ന്, നൂറ് ഖാൻ, മുരിഡ്‌കെ, റാഫിക് എന്നിങ്ങനെ മൂന്ന് വ്യോമതാവളങ്ങളെയാണ് ഇന്ത്യൻ മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാൻ സമ്മതിച്ചിരുന്നു. ദാർ ഇപ്പോൾ നടത്തിയ പ്രസ്താവനയോടെ, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ തന്ത്രപരമായ സൈനിക നടപടിയുടെ വ്യാപ്തിയും അവർക്കേറ്റ പ്രഹരത്തെയും കുറിച്ച് പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. വിഷയത്തിൽ പാകിസ്ഥാൻ നേരത്തെ എടുത്തിരുന്ന നിലപാടിൽ നിന്നും തീർത്തും വ്യത്യസ്തമാണിത്.

