ചരക്ക് ഇറക്കുമതി നിരോധിക്കുകയും പാക് കപ്പലുകൾ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്ത ഇന്ത്യയുടെ നീക്കത്തിന് മറുപടിയുമായി പാകിസ്ഥാൻ. ഇന്ത്യൻ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് പാകിസ്ഥാൻ വിലക്കി. ഇന്ത്യയുടെ തീരുമാനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നീക്കം.
ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനിൽ നിന്ന് വരുന്നതോ അല്ലെങ്കിൽ പാകിസ്ഥാനിലൂടെ കടത്തുന്നതോ ആയ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും പാകിസ്ഥാൻ കപ്പലുകൾ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.
ശനിയാഴ്ച വൈകുന്നേരം പാകിസ്ഥാൻ “ഇന്ത്യൻ പതാക വാഹക കപ്പലുകളെ ഒരു പാകിസ്ഥാൻ തുറമുഖത്തും സന്ദർശിക്കാൻ അനുവദിക്കരുതെന്ന്” ഉത്തരവിട്ടതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പാകിസ്ഥാനെതിരെ ഉടൻ പ്രാബല്യത്തിൽ വന്ന പുതിയ നടപടികളിൽ, അയൽരാജ്യത്ത് നിന്നുള്ള മെയിലുകൾ, പാഴ്‌സലുകൾ എന്നിവ വ്യോമ, ഉപരിതല മാർഗങ്ങളിലൂടെ കൈമാറ്റം ചെയ്യുന്നത് ഇന്ത്യ നിർത്തിവച്ചു.