മോസ്കോയിൽനിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് റിപ്പോർട്ട്. നാഷണൽ സുരക്ഷാഗാർഡ് അടക്കം നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാം നഗർ എയർപോർട്ട് ഡയറക്ടർ അറിയിച്ചു. ഇതോടെ വിമാനം ഗോവയിലേക്ക് യാത്ര തുടരും.
ഇന്നലെ രാത്രിയിൽ മോസ്കോയിൽ നിന്നും ഗോവയിലേക്ക് 236 യാത്രക്കാരുമായി പറക്കുമ്പോഴാണ് റഷ്യൻ വിമാന കമ്പനിയായ അസൂര്‍ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായത്. ഗോവ എയർ ട്രാഫിക് കൺട്രോളിനാണ് വിവരം ലഭിച്ചത്. തുടർന്ന് വിമാനം ഗുജറാത്തിലെ ജാം നഗർ വ്യോമസേന വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ജാംനഗർ എയർപോർട്ടിലെ ഐസൊലേഷൻ ബേയിലെത്തിച്ച് പരിശോധന നടത്തുകയായിരുന്നു. റഷ്യൻ എംബസി അടക്കം വിഷയത്തിൽ പ്രതികരിച്ചിരുന്നു. 236 യാത്രക്കാരും 8 ജീവനക്കാരും ഉൾപ്പെടെ 244 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.