ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് സൂചനകൾ. നാളെ ഗവർണറെ കണ്ടേക്കും. ലാലുയാദവിൻ്റെ നേതൃത്വത്തിലുള്ള ആർജെഡി ഉൾപ്പെടുന്ന മഹാസഖ്യ സർക്കാരിൽ നിന്ന് നിതീഷ് കുമാർ പിരിഞ്ഞ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ വീണ്ടും ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. അതിനിടെ ബിഹാറിലെ ബിജെപിയുടെ പ്രവർത്തക സമിതി ഇന്ന് വിളിച്ചു ചേർക്കുകയാണ്. അതേസമയം ആർജെഡിയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. എല്ലാ ബിജെപി എംപിമാരോടും എംഎൽഎമാരോടും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ബിഹാർ ഇൻചാർജുമായ വിനോദ് താവ്‌ഡെയും യോഗത്തിൽ പങ്കെടുക്കും.
ജനവരി 25ന് ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ നിതീഷ് കുമാറിൻ്റെ ‘കുടുംബ രാഷ്ട്രീയം’ സംബന്ധിച്ച പരാമർശത്തെ വിമർശിച്ച് എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് ജെഡിയുവും ആർജെഡിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ട്വീറ്റ് വിവാദമായതോടെ രോഹിണി ആചാര്യ തൻ്റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു.
നിതീഷ് കുമാർ ബിജെപിയുടെ നേതൃത്വം നൽകുന്ന എൻഡിഎയിലേക്കുള്ള തിരിച്ചുപോയാൽ പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് വൻ തിരിച്ചടിയാകും. നിതീഷ് കുമാർ ഇന്ത്യൻ ബ്ലോക്കിനൊപ്പം തുടർന്നിരുന്നുവെങ്കിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാമായിരുന്നു എന്ന് വെള്ളിയാഴ്ച, ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. വിജയിക്കാത്ത സീറ്റ് വിഭജന ചർച്ചകളാണ് ഇന്ത്ൻ ബ്ലോക്കിൽ വിള്ളലുകളുണ്ടാക്കിയത്.