സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണം അന്വേഷിക്കാനായി എന്‍ഐഎ സംഘം യുഎസിലേക്ക് തിരിക്കും. ജൂലൈ 17 ന് ശേഷം അഞ്ച് ദിവസത്തേക്ക് സാന്‍ ഫ്രാന്‍സിസ്കോ സന്ദര്‍ശിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി.
മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായത്. മാര്‍ച്ച് 19 ന് ഒരു കൂട്ടം ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് ആക്രമിച്ചിരുന്നു. ജൂലൈ 2 ന് ആണ് സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖാലിസ്ഥാന്‍ അനുകൂലികള്‍ തീയിടുന്നത്. ഇത് ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോകളില്‍ വ്യക്തമായിരുന്നു. കാനഡ ആസ്ഥാനമായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്താ ലേഖനങ്ങളും ‘അക്രമം അക്രമത്തെ ജനിപ്പിക്കുന്നു’ എന്ന വാചകവും ഈ വീഡിയോയില്‍ കാണിച്ചിരുന്നു.
കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണവും എന്‍ഐഎ അന്വേഷിക്കും. രണ്ട് കേസുകളിലെയും അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറി. കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ സജീവമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. ചില ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളുള്ള പോസ്റ്ററുകള്‍ ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ നടപടി.